Fact Check: മീഡിയവണ്‍ വാര്‍ത്തയ്ക്കെതിരെ ‘മാധ്യമം’ ഓഫീസിലേക്ക് CPIM പ്രതിഷേധം? വീഡിയോയുടെ സത്യമറിയാം

LDF കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വാര്‍ത്ത നല്‍കിയതില്‍ മീഡിയവണ്‍ ചാനലിനോട് പ്രതിഷേധ സൂചകമായി കോഴിക്കോട്ടെ മാധ്യമം ദിനപത്രത്തിന്റെ ഓഫീസിലേക്ക് CPIM പ്രവര്‍ത്തകര്‍‍ മാര്‍ച്ച് നടത്തിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  29 April 2024 5:13 AM GMT
Fact Check: മീഡിയവണ്‍ വാര്‍ത്തയ്ക്കെതിരെ ‘മാധ്യമം’ ഓഫീസിലേക്ക് CPIM പ്രതിഷേധം? വീഡിയോയുടെ സത്യമറിയാം

LDF കണ്‍വീനര്‍ ഇ. പി. ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായതിന് പിന്നാലെയാണ് ഈ വാര്‍ത്ത നല്‍കിയതില്‍ CPIM പ്രതിഷേധമെന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നത്. ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ 2023 ജനുവരിയിലായിരുന്നു കൂടിക്കാഴ്ച. ഇത് നന്ദകുമാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടന്നുവെന്ന് സ്ഥിരീകരിച്ചതോടെയാണ് വലിയ വാര്‍ത്തയായത്. ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയായി നല്‍കിയ ‘മാധ്യമം’ ഉടമസ്ഥതയിലുള്ള മീഡിയവണ്‍ ചാനലിനോട് പ്രതിഷേധസൂചകമായി ‘മാധ്യമ’ത്തിന്റെ കോഴിക്കോട്ടെ ഓഫീസിലേക്ക് CPIM കൊടികളുമായി പ്രതിഷേധ പ്രകടനം നടത്തുന്ന ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. (Archive)




വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)


Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ മൂന്ന് വര്‍ഷത്തിലേറെ പഴയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇതില്‍ നിരവധി വാഹനങ്ങളും കൊടികളും കാണാനായി. ബൈക്കുകളില്‍ കെട്ടിയ കൊടികള്‍ ഇത് കേവലമൊരു പ്രതിഷേധമാണോ എന്ന കാര്യത്തില്‍ സംശയമുളവാക്കി.



ദൃശ്യങ്ങളില്‍ കാണുന്നത് കോഴിക്കോട്ടെ മാധ്യമം ദിനപത്രത്തിന്റെ ഓഫീസാണ്. പ്രതിഷേധ പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാനായി കോഴിക്കോട് വെള്ളിമാടുകുന്നിലെ മാധ്യമം ഓഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇത് രണ്ടുവര്‍ഷത്തിലേറെ പഴയ സംഭവമാണെന്നായിരുന്നു അവരുടെ മറുപടി:

“അടുത്തിടെയൊന്നും ഇങ്ങനെയൊരു പ്രതിഷേധം മാധ്യമം ഓഫീസിലേക്ക് ഉണ്ടായിട്ടില്ല. ഇത് രണ്ടുവര്‍ഷത്തിലേറെ പഴയ വീഡിയോയാണ്. അന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ അവരുടെ പ്രചാരണ പരിപാടിയ്ക്കിടയിലോ മറ്റോ ഓഫീസിനുനേരെ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണിത്. യഥാര്‍ത്ഥ തിയതിയും മറ്റു വിവരങ്ങളും ലഭ്യമല്ല. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാവുന്ന മറ്റ് ചില സൂചനകളുണ്ട്. വീഡിയോയില്‍ ഓഫീസിനുമുന്നില്‍ കാണുന്ന മാധ്യമത്തിന്റെ ബോര്‍ഡ് 2024 ജനുവരിയില്‍ മാറ്റിയിട്ടുണ്ട്. മാധ്യമത്തിന്റെ ലോഗോ നീലനിറത്തിലേക്ക് മാറ്റിയതിനൊപ്പം ബോര്‍ഡിലെ ഫോണ്ടും നിറവുമെല്ലാം മാറ്റിയതാണ്.”

നിലവിലെ ഓഫീസിന് മുന്‍വശത്തെ ഫോട്ടോയും അവര്‍ പങ്കുവെച്ചു. പ്രചരിക്കുന്ന വീഡിയോയിലെ ബോര്‍ഡും നിലവിലെ ബോര്‍ഡും വ്യത്യസ്തമാണെന്ന് കാണാം.


ഇതോടെ വീഡിയോ പഴയതാണെന്നും നിലവിലെ ദല്ലാള്‍ നന്ദകുമാറിന്റെ വാര്‍ത്തയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റേതല്ലെന്നും വ്യക്തമായി.

തുടര്‍ന്ന് വീഡിയോയിലെ പ്രതിഷേധത്തിന്റെ വിവരങ്ങള്‍ക്കായി പ്രദേശത്തെ മുതിര്‍ന്ന സിപിഐഎം നേതാവ് സജീവനുമായി ഫോണില്‍‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

“ഇത് മൂന്ന് വര്‍ഷത്തിലേറെ പഴയ വീഡിയോയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടനത്തിന്റേതാണ് ദൃശ്യങ്ങള്‍. നിലവില്‍ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിന്റെ പേരിലൊന്നും സംസ്ഥാനത്തെവിടെയും മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ സിപിഐഎം പ്രതിഷേധിച്ചിട്ടില്ല. അത്തരം സമീപനവും പാര്‍ട്ടിക്കില്ല. സിപിഎമ്മിനെതിരെ എത്രയോ മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളോടെയാണ്.”

തുടര്‍ന്ന് വീഡിയോയില്‍ മുദ്രാവാക്യം വിളിക്കുന്നവരിലൊരാളായ സിപിഐഎം മൂഴിക്കല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സക്കീറിനെ ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോ 2020ലേതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. ജില്ലാ കമ്മറ്റിയില്‍നിന്നടക്കം അതുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ അത് 2020ലെ കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂഴിക്കല്‍ 16-ാം വാര്‍ഡ് സിപിഐ​​എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എംപി ഹമീദിന്റെ വിജയാഘോഷ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ്. 2020 ഡിസംബറിലാണെന്നാണ് ഓര്‍മ. അന്ന് തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രാദേശികമായി മാധ്യമത്തിനെതിരെയും ചില പ്രശ്നങ്ങളുണ്ടായിരുന്നു. സ്വാഭാവികമായും വിജയാഘോഷ വേളയില്‍ ഓഫീസിന് മുന്നിലൂടെ കടന്നുപോയപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുവെന്നുമാത്രം. അല്ലാതെ മറ്റൊരു തലവും ഈ വീഡിയോയ്ക്കില്ല. ചില യുഡിഎഫ് പ്രവര്‍ത്തകരാണ് ഈ വീഡിയോ ഇപ്പോള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. നിലവിലെ ഇപി ജയരാജന്റെ വിഷയവുമായി ബന്ധപ്പെട്ട് സിപിഐഎം ഒരു മാധ്യമസ്ഥാപനത്തിന് നേരെയും പ്രതിഷേധിച്ചിട്ടില്ല.”

കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ഫലം പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഡിസംബര്‍ 16 നാണ്.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

ഇ.പി. ജയരാജനെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മീഡിയവണ്‍ വാര്‍ത്ത നല്‍കിയതില്‍ മാധ്യമം ഓഫീസിനുനേരെ സിപിഐ​എം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ മൂന്ന് വര്‍ഷത്തിലേറെ പഴയതാണ്. 2020 ലെ കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന വിജയാഘോഷ പരിപാടിയ്ക്കിടെ നടന്ന സംഭവമാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകള്‍ മീഡിയവണ്‍ വാര്‍ത്ത നല്‍കിയതില്‍ മാധ്യമം ഓഫീസിനുനേരെ CPIM പ്രതിഷേധം
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story