Fact Check: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രിയുടെ ചിത്രം കടയുടമ മറച്ചോ? വാസ്തവമറിയാം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രിയുടെ ചിത്രം അനുവദിക്കുന്നില്ലെന്ന അടിക്കുറിപ്പോടെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ‘ഒരു സ്റ്റേഷന്‍ ഒരു ഉല്പന്നം’ കടയുടെ മുന്നിലെ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പര്‍ ഉപയോഗിച്ച് മറച്ച ബോര്‍ഡിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  6 May 2024 9:07 AM GMT
Fact Check: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രിയുടെ ചിത്രം കടയുടമ മറച്ചോ? വാസ്തവമറിയാം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രിയുടെ ചിത്രം കടയുടമ പേപ്പര്‍ ഉപയോഗിച്ച് മറച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. റെയില്‍വേയുടെ ‘ഒരു സ്റ്റേഷന്‍ ഒരു ഉല്പന്നം’ പദ്ധതിയുടെ ഭാഗമായി നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സ്റ്റാളിന് മുകളിലെ ബോര്‍ഡിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ബോര്‍ഡില്‍ നല്‍കിയ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പര്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നതായി കാണാം. (Archive)




സംഭവം റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുന്നതുവരെ പ്രചരിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് നിരവധിപേര്‍ ചിത്രം പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)


Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം മറച്ചത് കടയുടമയല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സമയമായതിനാല്‍ ചിത്രം മറച്ചത് അതിന്റെ ഭാഗമായിട്ടാവാമെന്ന സൂചന ലഭിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച 2024 മാര്‍ച്ച് 16 മുതല്‍ ഫലപ്രഖ്യാപനം നടത്തുന്ന 2024 ജൂണ്‍ 4 വരെയാണ് രാജ്യത്ത് പെരുമാറ്റചട്ടം നിലവിലുള്ളത്. ഇത് സ്ഥിരീകരിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നല്‍കിയ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്കായി നല്‍കിയ നിര്‍ദേശങ്ങളുടെ ഭാഗത്ത് സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പരസ്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടമായി കാണിക്കുന്ന തരത്തില്‍ ഔദ്യോഗിക മാധ്യമങ്ങളിലും മറ്റും നല്‍കുന്നത് വിലക്കുന്നുണ്ട്.


സ്വാഭാവികമായും ഇതിന്റെ ഭാഗമായിട്ടാവാം ചിത്രം മറച്ചെതന്ന സൂചന ലഭിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി ആദ്യം കടയുടമയുമായി ഫോണില്‍ ബന്ധപ്പെട്ടു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ‘ഒരുസ്റ്റേഷന്‍ ഒരു ഉല്പന്നം’ സ്റ്റാള്‍ നടത്തുന്ന ഷാഹുല്‍ഹമീദിന്റെ പ്രതികരണം:

“ചിത്രം മറച്ചത് ഞാനല്ല. റെയില്‍വെയുടെ വാണിജ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായിട്ടാണ് ഇത് മറച്ചിരിക്കുന്നത്. ഇത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മാത്രം കാര്യമല്ല, എല്ലാ റെയില്‍വേ സ്റ്റേഷനിലും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുന്ന ദിവസംവരെ ഇത് മറച്ചിടുമെന്നാണ് മനസ്സിലാക്കുന്നത്. ആദ്യദിവസം പേപ്പര്‍ ഉപയോഗിച്ചാണ് മറച്ചത്. ഈ സമയത്ത് ആരോ എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പിറ്റേദിവസം റെയില്‍വേയുടെ സ്റ്റിക്കര്‍ ഉപയോഗിച്ച് ചിത്രം പൂര്‍ണമായും മറച്ചു. ”

റെയില്‍വേയുടെ ലോഗോ ഉപയോഗിച്ച് മറച്ച ബോര്‍ഡിന്റെ നിലവിലെ ചിത്രവും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു.



തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ചീഫ് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ഖലീല്‍ റഹ്മാനുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

“തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസം റെയില്‍വേ നിര്‍ദേശപ്രകാരം ഓരോ സ്റ്റേഷനിലെയും വാണിജ്യവിഭാഗം സൂപ്പര്‍വൈസറുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മറച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്‍സ്റ്റേഷന്‍ വണ്‍പ്രൊഡക്ട് സ്റ്റാളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ചിത്രമുണ്ടായിരുന്നത്. മറ്റു ചില സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്റ് അടക്കം ഇതിന്റെ ഭാഗമായി മറച്ചിട്ടുണ്ട്. കട നടത്തുന്ന വ്യക്തിയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.”

സമാനമായി വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫീ പോയിന്റുകളിലുള്‍പ്പെടെ പ്രധാനമന്ത്രിയുടെ ചിത്രം താല്ക്കാലികമായി മറച്ചതിന്റെ മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.


കോവി‍ഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും ഈയിടെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തതും മാതൃകാ പെരുമാറ്റചട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളില്‍ പ്രധാനമന്ത്രിയുടെ ചിത്രം മറച്ചത് കടയുടമയല്ലെന്നും റെയില്‍വേ വാണിജ്യവിഭാഗം അധികൃതരാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിന്റെ ഭാഗമായി ചെയ്ത സ്വാഭാവിക നടപടി മാത്രമാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Claim Review:കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രിയുടെ ചിത്രം അനുവദിക്കാതെ കടയുടമ; പ്ലാറ്റ്ഫോമിലെ കടയുടെ ബോര്‍ഡിലെ ചിത്രം പേപ്പര്‍ ഉപയോഗിച്ച് മറച്ചു.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story